കാഞ്ഞിരപ്പള്ളി: താലൂക്കിൽ പനി ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, മണിമല, എരുമേലി തുടങ്ങിയ പഞ്ചായത്തുകളിൽ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി മുതലായ രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തിളപ്പിച്ച വെള്ളം കുടിക്കാൻ ഉപയോഗിക്കുക, വീടും സ്ഥാപനങ്ങളും പരിസരങ്ങളും ശുചീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തുക, കൂത്താടി, കൊതുക് നശീകരണ പ്രവർത്തനങ്ങൾ തുടർച്ചയായി നടത്തുക, ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുക, രോഗലക്ഷണങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടണമെന്നും എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.
സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ തദ്ദേശസ്ഥാപന പരിസരങ്ങളിലും സ്കൂൾതലത്തിലും സ്ഥാപനതലത്തിലും വീടുകളിലും ഊർജിത കുത്താടി നശീകരണ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും നടത്തിയതായി അധികൃതർ പറഞ്ഞു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, സന്നദ്ധ വോളന്റിയർമാർ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഈ പരിപാടി തുടർന്നുള്ള ആഴ്ചകളിലും ആചരിക്കപ്പെടുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.